Thursday, November 1, 2007

ഞാനൊരു പാവം താന്തോന്നി

"താന്തോന്നി" എന്ന പദത്തിന്റെ നിഘണ്ടുപരമായ അര്‍ഥവ്യാപ്തി എനിക്കറിയില്ലായിരുന്നു. ഞാനതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. കാരണം, വ്യാകരണവും ചരിത്രവും നോക്കിയല്ലാ ഞാന്‍ വളര്‍ന്നത്‌ എന്നതു തന്നെ. മുന്നില്‍ കണ്ടതും കേട്ടതും നോക്കി മാത്രം ഞാന്‍ മുന്നേറി. പക്ഷേ, എവിടെയൊക്കെയോവച്ച്‌ താന്തോന്നി എന്ന പദം എന്നെ ആലിംഗനം ചെയ്തു. ഞാനറിയാതെ...അഞ്ചാംവയസില്‍ അനുജനോടരിശം കൊണ്ടപ്പോള്‍ അമ്മ പറഞ്ഞു, "താന്തോന്നി". ഞാനൊന്നു ചിരിച്ചതേയുള്ളൂ. തല്ലു കൊള്ളേണ്ട അനുജന്‌ ദേഷ്യവാക്കുകള്‍ മാത്രം നല്‍കിയതിനാണൊ ഞാന്‍ താന്തോന്നിയായത്‌? അതങ്ങിനെതന്നെയിരിക്കട്ടെ.പതിനാലാം വയസില്‍ പാലുവാങ്ങാന്‍ പോയപ്പോള്‍ അയലത്തെ പെണ്‍കുട്ടിയുടെ ബനിയന്റെ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ അയല്‍ക്കാരി പറഞ്ഞു "താന്തോന്നി". പേരയ്ക്കാ വലിപ്പത്തില്‍ പോക്കറ്റ്‌ തള്ളി നിന്നത്‌ തൊട്ടുനോക്കിയ ഞാന്‍ താന്തോന്നിയായി. അതും അങ്ങിനെയിരിക്കട്ടെ.ഇരുപതാം വയസില്‍ ഇരുകൈകളുമുയര്‍ത്തി വിദ്യാഭ്യാസകച്ചവടത്തിനെതിരെ വിപ്ലവമുദ്രാവാക്യങ്ങള്‍ വിളിച്ചപ്പോള്‍ സാറുന്മാരും പറഞ്ഞു "താന്തോന്നി". അനീതിക്കെതിരെ പ്രതികരിക്കുന്നവര്‍ താന്തോന്നിയാണെങ്കില്‍ അതങ്ങിനെതന്നെയിരിക്കട്ടെ.ഇരുപത്തി രണ്ടാം വയസില്‍ ഇല്ലിമരങ്ങള്‍ക്കിടയില്‍ ഇഴുകിച്ചേര്‍ന്നു നിന്ന ഇടയപ്പെണ്ണും കാര്യം കഴിഞ്ഞപ്പോള്‍ കണ്ണിറുക്കികൊണ്ട്‌ പറഞ്ഞു "താന്തോന്നി". എന്നിട്ടും താന്തോന്നിയുടെ വശപിശക്‌ ഞാന്‍ തിരിച്ചറിഞ്ഞില്ല.ഇരുപത്തേഴാം വയസില്‍ നുരഞ്ഞു പൊന്തുന്ന മദ്യപ്പത്രത്തെ നോടിയിടയില്‍ കാലിയാക്കി നിലത്ത്‌ കമഴ്ത്തിയപ്പോള്‍, കണ്ടുനിന്ന കാന്തയും പറഞ്ഞു "താന്തോന്നി". ആണോ? ഞാന്‍ കൂടുതല്‍ ചികഞ്ഞാലോചിച്ചില്ല.പിന്നെയും പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിച്ചുണ്ടും ഉറങ്ങിയും കഴിഞ്ഞവള്‍ പടിയിറക്കി പിണ്ഡം വച്ചിട്ട്‌ വീണ്ടും പറഞ്ഞു "താന്തോന്നി".അപ്പോള്‍ മാത്രം താന്തോന്നി എന്ന വിശേഷണത്തിന്റെ ആന്തരികാര്‍ത്തങ്ങള്‍ ഞാന്‍ പരിശോദിച്ചു തുടങ്ങി. തന്നിഷ്ടംപോലെ തോന്നുന്നത്‌ അപ്പപ്പോള്‍ ചെയ്യുന്നവന്‍ താന്തോന്നി. തന്നിഷ്ടമല്ലാതെ മറ്റുള്ളവരുടെയിഷ്ടം മാത്രം നോക്കാന്‍ ഞാനാരുടേയും അടിയാളനല്ല. ഇപ്പോള്‍ ഞാന്‍ തീര്‍ത്തു പറയുന്നൂ; ഞാനൊരു സാധാരണക്കാരന്‍ താന്തോന്നി.
ജോജോ പാറയ്ക്കല്‍