Saturday, October 27, 2007

പൊക്കുന്നെങ്കില്‍ പൊക്കെന്റെ ചേടത്തീ...

ചേടത്തീ, പൊക്കുന്നെങ്കില്‍ പൊക്കങ്ങോട്ട്‌. ക്ഷമയ്ക്കും ഒരതിരുണ്ട്‌. പണ്ടൊരിക്കല്‍ പത്രക്കാരന്‍ പാപ്പി പറഞ്ഞുപോയതാ. പാപ്പി പത്രവിതരണവും ഇടയ്ക്ക്‌ നിര്‍ത്തിവച്ച്‌ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ സമയമേറെയായി.

ഈ കഥ നടക്കുന്നത്‌ കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ്‌. ഇതിന്റെ വാല്‍ക്കഷണം അരങ്ങേറുന്നത്‌ ചില വിദേശമലയാളിനേതാക്കളുടെ പിന്നാമ്പുറത്തും.ചേരന്‍കുന്നിലെ ചേടത്തിമാര്‍ തമ്മില്‍ തൊട്ടതിനും പിടിച്ചതിനും നിത്യവും കലഹിക്കും. ഒന്നുകില്‍ കോഴി അതിര്‍ത്തി കടന്നതിന്‌. അതല്ലെങ്കില്‍ കാള കയ്യേറ്റം നടത്തിയതിന്‌. പിന്നെ തുടങ്ങുകയായി പൂരപ്പാട്ട്‌. ആദ്യവായ്ത്താരികള്‍ കോഴിയിലും കാളയിലുമാണെങ്കിലും തുടര്‍ന്ന് വിഷയങ്ങള്‍ പലതാവുന്നു. ശരീരഭാഗങ്ങളിലെ കോട്ടങ്ങള്‍, കെട്ടിയോന്മാരുടെ അപഥ സഞ്ചാരത്തിന്റെ നിറം പിടിച്ച കഥകള്‍, പെണ്‍പിള്ളേരുടെ കാമകേളികള്‍...അങ്ങിനെ പലപല വിഷയങ്ങള്‍. ഇവ കേട്ടിരിക്കാനും പാപ്പിക്ക്‌ ഹരമാണ്‌. എന്നാലും പിന്നാലെ വരുന്നതാണ്‌ സൊയമ്പന്‍. പാപ്പി മനസില്‍ കരുതും.പിന്നീട്‌ ചേടത്തിമാരുടെ ഭേദ്യവിളികളായി. ഇവിടെ പതിവ്‌ വാചകങ്ങള്‍ പൊട്ടിവീഴും. "നിന്നെ ഞാന്‍ കാണിച്ചുതരാമെടീ" എന്ന് ഇക്കരച്ചേടത്തി പറയുമ്പോള്‍, "നിന്നെയും കാട്ടിത്തരാമെടീ" എന്ന് അക്കരച്ചേടത്തിയും തട്ടിവിടുന്നു. പാപ്പിയുടെ നാട്ടുകണക്കു പ്രകാരം അടുത്ത ഡയലോഗ്‌ "എന്നാല്‍ കണ്ടോടീ" എന്നും ആക്ഷന്‍ "അഡല്‍സ്‌ ഓണ്‍ലി" യും ആകേണ്ടതാണ്‌. പത്രക്കെട്ടുമായി ഇടവഴികളേറെയും കയറിയിറങ്ങുന്ന പാപ്പിക്ക്‌ സംശയമേതുമില്ല.

നാട്ടിന്‍പുറത്തെ ചേടത്തിമാര്‍ ഇത്രത്തോളമെത്തിയാല്‍ പിന്നെ അറയ്ക്കില്ല. തുണിയങ്ങോട്ട്‌ പൊക്കും. അവിടെയാണ്‌ പാപ്പിയുടെ ക്ലൈമാക്സ്സും.പക്ഷേ ചേരന്‍കുന്നിലെ ചേടത്തിമാര്‍ നാളേറെയായി നാട്ടുനടപ്പ്‌ പാലിക്കുന്നില്ല. അവസാന ഡയലോഗുകള്‍ മറന്നുപോയ സ്റ്റേജ്‌ നാടകക്കാരികളെപ്പോലെ പറഞ്ഞുനിര്‍ത്തിയത്‌ തന്നെ ചുറ്റിയും പരത്തിയും പറഞ്ഞുകൊണ്ടേയിരിക്കുന്നു. അവസാന ആക്ഷനും ശരിയാവുന്നില്ല. ഇവിടെയാണ്‌ പാപ്പി സഹികെട്ട്‌ പറഞ്ഞുപോയത്‌. പൊക്കുന്നെങ്കില്‍ പൊക്ക്‌ ചേടത്തീ. എനിക്ക്‌ പോയിട്ട്‌ വേറെ പണിയുണ്ട്‌.

വാല്‍ക്കഷണം: ആരുടെയൊക്കെയോ കയ്യും കാലും പിടിച്ച്‌, അല്ലെങ്കില്‍ ഒരു കയ്യില്‍ വിദേശനാണ്യവും, മറുകയ്യില്‍ കുരുക്കിട്ട്‌ കെട്ടാന്‍ താലിച്ചരടുമായി കാത്തുനിന്ന തരുണീമണികളെ പരിണയിച്ചതു മൂലമോ ഒരു സുപ്രഭാതത്തില്‍ മറുനാട്ടിലെത്തിയ ഒട്ടുമിക്ക മലയാളി ജീവികളും പത്തു പുത്തന്‍ കണ്ടപ്പോള്‍ നേതൃപാടവം ആവാഹിച്ചെടുത്ത്‌ നേതാക്കളാകുന്ന കാലം. ഓരോ വിദേശരാജ്യത്തും സമുദായം, പ്രദേശം എന്നീ പരിഗണനകള്‍ക്കനുസരിച്ച്‌ രൂപംകൊണ്ട സംഘടനകള്‍ക്കുപുറമെ ഇന്നിപ്പോള്‍ കുടുംബപ്പേരുകള്‍ക്കും ഉപജാതികള്‍ക്കും അനുസരിച്ചും പുതിയവ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഇവയില്‍ പലതിന്റെയും തലപ്പത്തെത്തുന്ന അഭിനവനേതാക്കന്മാരാണ്‌ തൊട്ടതിനും പിടിച്ചതിനും തമ്മിലടിക്കുന്നത്‌. ഈ ചൊറികുത്തിന്റെ പര്യവസാനം കാണാന്‍ പത്രക്കാരന്‍ പാപ്പിയെപ്പോലെ വിദേശമണ്ണിലും പലരും കാത്തിരിക്കുകയാണ്‌. ഒന്നുകില്‍ ഇവനൊക്കെ മലര്‍ന്നുകിടന്ന് മുകളിലേയ്ക്ക്‌ തുപ്പണം. അല്ലെങ്കില്‍ ഉടുതുണി ഉയര്‍ത്തിക്കാട്ടണം. രണ്ടിലേതായാലും സ്വയം നാറും. അതാണ്‌ ക്ലൈമാക്സ്സ്‌. അതുമാത്രമാണ്‌ ക്ലൈമാക്സ്സ്‌. അതു തന്നെയാണ്‌ പതിറ്റാണ്ടുകളുടെ നാട്ടുനടപ്പും.

Jojo Parackal

View more at : http://www.jayakeralam.com

8 comments:

ശ്രീ said...

:)

പ്രയാസി said...

പൊക്കാനൊക്കെ വരട്ടപ്പീ...
ബാനറും അതിലെ ലോഗോയും ഞാന്‍ പൊക്കും..!
പ്രിന്റു സ്ക്രീനെടുത്തു പൊക്കും..
കലക്കീ..കൊടു കൈ..:)

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി
അഭിനന്ദനങ്ങള്‍...

ഉപാസന || Upasana said...

:)
upaasana

സഹയാത്രികന്‍ said...

ഹ ഹ ഹ ഇത് വായിച്ചപ്പോ.. കസ്തൂരിമാന്‍ എന്ന ചിത്രത്തിലെ ഡയലോഗ് ഓര്‍മ്മ വന്നൂ...

“ ഇവിടുള്ളോരോടോന്നും മിണ്ടാന്‍ കൊള്ളുല്ല മോനേ, മിണ്ടിയാ അപ്പൊ തുണി പൊക്കി കാണിക്കും”

“ആര്..?”

ഞാ‍ന്‍ തന്നെ...

:)

Sherlock said...

:) ആ വേഡ് വെരിഫിക്കേഷന്‍ ഏടുത്തു കളഞ്ഞൂടെ..

ഏ.ആര്‍. നജീം said...

ഹ ഹാ. ഇങ്ങനെ നോക്കി നടന്നു നടന്നു പാപ്പി ഇന്നത്തെ പത്രം നാളെയാവുമല്ലോ വീടുകളില്‍ എത്തിക്കുക..

ബാബുരാജ് said...

സുഹൃത്തെ,
താങ്കളതു പറഞ്ഞു. നാട്ടില്‍ പ്രത്യയ ശാസ്ത്രവും പറഞ്ഞ്‌ നമ്മുടെ തോളില്‍ കയ്യിട്ടു നടന്ന പലരും വിദേശത്തു ചെന്ന് നായര്‍ ക്ലബ്ബിലും ക്നാനായ ക്ലബ്ബിലും അംഗംങ്ങള്‍ ആയി കണ്ടപ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്‌.